സ്വര്‍ണക്കടത്ത് കേസ് ; സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്ന് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്ത സൗമ്യയെ ഉച്ചയോടെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും അടുത്ത സുഹൃത്താണ് സന്ദീപ്. കാര്‍ബണ്‍ ഡോക്ടര്‍’ എന്ന സ്ഥാപനത്തിന്റെ ഉടമ സന്ദീപ് നായര്‍ ഒളിവിലാണ്. സ്വര്‍ണക്കടത്തില്‍ സന്ദീപിനും പങ്കുണ്ടെന്നാണ് സൂചന. കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു.

അതേസമയം, നാല് ദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്നയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.കസ്റ്റംസ് സംഘം ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതിനിടെ സ്വര്‍ണക്കടത്ത് കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലെത്തി. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നാണ് സിബിഐ ഇപ്പോള്‍ പരിശോധിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ മാത്രമേ സിബിഐയ്ക്ക് നിലവില്‍ കേസ് ഏറ്റെടുക്കാനാകൂ.

Top