സ്വര്‍ണക്കടത്ത് കേസ് ; കസ്റ്റഡിയിലെടുത്ത സഞ്ജുവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് എരഞ്ഞിക്കലിലെ സഞ്ജുവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ഉച്ചയ്ക്ക് 2. 45 ഓടെ സഞ്ജുവിന്റെ വീട്ടില്‍ രണ്ട് വണ്ടികളിലായിട്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയത്.

പിടിക്കപ്പെട്ട സ്വര്‍ണത്തിന്റെ ഒരു ഓഹരി ഇദ്ദേഹത്തിന്റേതാണ് എന്നാണ് സൂചന. മാത്രമല്ല, സഞ്ജു സ്വര്‍ണം കൊണ്ടുവന്ന് ജ്വല്ലറിക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നയാളാണെന്നും വിവരംലഭിച്ചിട്ടുണ്ട്. ഇയാള്‍ ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അറ്റാഷെയ്ക്കും പങ്കുണ്ടെന്നു കേസിലെ പ്രതിയായ സരിത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി. അഭിഭാഷകനായ കേസരി കൃഷ്ണന്‍നായരാണ് ഇക്കാര്യം ഒരു ചാനലിനോടു വെളിപ്പെടുത്തിയത്. അറ്റാഷെയ്ക്കു പങ്കുണ്ടെന്നു സരിത് പറഞ്ഞെന്നും സ്വപ്നയെ കേസില്‍ കുടുക്കുമെന്ന് അറ്റാഷെ ഭീഷണിപ്പെടുത്തിയെന്നും അഭിഭാഷകന്‍ പറയുന്നു.

യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യ വിട്ടതിനു പിന്നാലെയാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. അറ്റാഷെ രണ്ട് ദിവസം മുമ്പാണ് ഡല്‍ഹിയില്‍ നിന്നും യുഎഇയിലേക്ക് കടന്നത്. ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും ഡല്‍ഹിക്ക് പോയി. ഡല്‍ഹിയില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് യുഎഇയിലേക്ക് മടങ്ങിയത്.

Top