സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ സംഘം ബാലഭാസ്‌ക്കറിന്റെ അച്ഛന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ സംഘം അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കും. ബാലഭാസ്‌ക്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന സംശയം കെ.സി ഉണ്ണി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മാനേജറെക്കുറിച്ച് കെ.സി ഉണ്ണിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് മൊഴിയെടുക്കുന്നത്.

അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത് വൈകും. ക്രൈംബ്രാഞ്ചിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പ്രകാശ് തമ്പിയെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിആര്‍ഐ റജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രകാശ് ജയിലില്‍ കഴിയുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടി പ്രതികളായ കേസില്‍ സിബിഐയും ഇടപെട്ടിട്ടുണ്ട്. സിബിഐ പ്രകാശിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിരവധി സംശയങ്ങള്‍ പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മരണത്തില്‍ സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ബാലഭാസ്‌കറിന്റെ ബന്ധു പറയുന്നു. അപകടത്തിനു ശേഷം ആദ്യദിവസം മുതല്‍ തങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ബാലഭാസ്‌കറിന്റെ മാതൃസഹോദരിയുടെ മകള്‍ പ്രിയ വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംശയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറിപ്പ്. ആരോഗ്യനില ഭേദമായിക്കൊണ്ടിരിക്കുന്നതിനിടെ ബാലുവിന് പെട്ടെന്ന് ഹൃദയാഘാതം വന്നതിന് പിന്നില്‍ ആരുടെയെങ്കിലും സാന്നിധ്യം ഉണ്ടായിരുന്നോയെന്നും ഇവര്‍ ചോദിക്കുന്നു. മരണം സംഭവിച്ച ദിവസം പകല്‍ ആശുപത്രിയിലുണ്ടായിരുന്ന സ്ത്രീ രാത്രിയോടെ സ്ഥലം വിട്ടുവെന്നും പോസ്റ്റ് മോര്‍ട്ടത്തിനായി ബാലഭാസ്‌ക്കറിന്റെ ആധാര്‍ കാര്‍ഡ് ബന്ധുക്കള്‍ക്ക് നല്‍കിയില്ലെന്നും സഹോദരി ആരോപിക്കുന്നു.

Top