സ്വര്‍ണം കടത്തുന്നതിനു വേണ്ടി രഹസ്യ അറ ; ജലാലിന്റെ കാര്‍ പിടിച്ചെടുത്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതി ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റംസ് പിടികൂടി. ജലാല്‍ ഇന്ന് കസ്റ്റംസില്‍ കീഴടങ്ങിയിരുന്നു. സ്വര്‍ണം കടത്തുന്നതിനു വേണ്ടി കാറിനുള്ളില്‍ രഹസ്യ അറ നിര്‍മിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു.

വര്‍ഷങ്ങളായി കേരള പൊലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ജലാല്‍. രാജ്യത്തേയ്ക്ക് വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നാണ് കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുള്ളത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കു പുറമേ ചെന്നൈ, മുംബൈ, ബെംഗളുരു വിമാനത്താവളങ്ങളിലൂടെ നിരവധി ആളുകളെ നിയോഗിച്ച് ഇയാള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഇതിനിടെ അന്വേഷണത്തിന്റെ മുന തന്നിലേയ്ക്ക് നീളുന്നത് തിരിച്ചറിഞ്ഞാണ് ഇന്നലെ രണ്ടു പേര്‍ക്കൊപ്പം കസ്റ്റംസ് ഓഫിസിലെത്തി ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങിയത്. നെടുമ്പാശേരി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാക്കപ്പെട്ട സംഭവത്തിലും ജലാലിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഇദ്ദേഹത്തെ തിരഞ്ഞിരുന്നു. രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി ജലാല്‍ അഞ്ചു കിലോ സ്വര്‍ണം കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിലൂടെ ജലാല്‍ 60 കോടി രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം കേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കരകുളത്തെ വാടകവീട്ടില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാര്‍ കൊച്ചിയിലെത്തിച്ചു.

2019 ഓഗസ്റ്റില്‍ മലപ്പുറം സ്വദേശി ഉസ്മാന്‍ കാരാടന്‍ എന്നയാളില്‍ നിന്നുമാണ് സന്ദീപ് കാര്‍ വാങ്ങിയത്. കാര്‍ വില്‍ക്കാന്‍ ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ടാണ് സന്ദീപ് വിളിച്ചത്.

Top