കൊച്ചി: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. സ്വപ്നയ്ക്ക് പുറമേ കേസിലെ എട്ടാം പ്രതി സൈദലവി, പത്താം പ്രതി സംജു എന്നിവരാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്ത് നിയമവിരുദ്ധമായ ഒരു കമ്പനി പോലെയാണ് പ്രതികള്‍ നടത്തിയിരുന്നതെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.
അതേസമയം സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
കേസില്‍ നേരത്തെ അറസ്റ്റിലായ സംജു വാങ്ങിയ സ്വര്‍ണം ഷംസുദ്ദീന് നല്‍കിയതായുള്ള മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.