സ്വര്‍ണക്കടത്ത് കേസ്; സ്പീക്കര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

മന്ത്രിമാരും സ്പീക്കറും സ്വര്‍ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നു. സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പാലാരിവട്ടം പാലം കേസ് നല്ല രീതിയില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ മുസ്ലീം ലീഗ് നേതാക്കള്‍ അകത്താവും. നിലവില്‍ രണ്ട് എംഎല്‍എമാര്‍ അറസ്റ്റിലാണ്. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാവും. അത്രയും ശതകോടി അഴിമതിയാണ് യുഡിഎഫ് എംഎല്‍എമാര്‍ നടത്തിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 14 മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ എല്‍ഡിഎഫ് പൂഴ്ത്തി. അഴിമതി പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷനേതാവടക്കം അഴിമതി ആരോപണം നേരിടുകയാണ്.

വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ ഇരുമുന്നണികള്‍ക്കും അവകാശമില്ല. അഴിമതിക്കെതിരെ ശക്തമായ ജനവികാരമാണ് കേരളത്തില്‍ ഉള്ളത്. അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്ന് കോടതി പറയുന്നത് ആദ്യമായിട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top