തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ വിദേശയാത്രകളിലും വിശദമായ അന്വേഷണം നടത്തുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ച് തുടങ്ങി. വിദേശത്തേക്ക് നടത്തിയ ഫോണ്‍ വിളികളും അന്വേഷിക്കും. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
അതേസമയം ഐടി സെക്രട്ടറി ആയിരിക്കെ എം.ശിവശങ്കര്‍ നടത്തിയത് നിരവധി താത്കാലിക നിയമനങ്ങളാണെന്ന് കണ്ടെത്തി. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ശിവശങ്കര്‍ വഴി താത്കാലിക നിയമനം നേടിയവര്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് വരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ രണ്ടു പേരുടെ വിവരങ്ങള്‍ പുറത്തുവന്നു. ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. നിരഞ്ജന്‍ ജെ.നായര്‍, കവിത സി പിള്ള എന്നിവരെയാണ് ഈ തസ്തികയില്‍ നിയമിച്ചിട്ടുള്ളത്. ശിവശങ്കര്‍ ഐടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഇവരെ നിയമിക്കുന്നത്.
ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകൂ. എന്നാല്‍ ശിവശങ്കര്‍ നിയോഗിച്ച താത്കാലിക ജീവനക്കാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര വിസിറ്റിങ് കാര്‍ഡില്‍ ഉപയോഗിച്ചിട്ടുണ്ട്. നിരവധി വര്‍ഷം സര്‍വീസുള്ള സെക്രട്ടറിയേറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്നിരിക്കെയാണിത്.