കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി.
എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. 56 ചോദ്യങ്ങള്‍ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും. ചില ഫോണ്‍കോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാകും ചോദ്യംചെയ്യല്‍.
ഹെതര്‍ ഫ്ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും.
അതേസമയം തന്റെ സഹായം പ്രതികള്‍ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കര്‍ മുന്‍പ് മൊഴി നല്‍കിയിരുന്നു.
സര്‍ക്കാര്‍ പരിപാടികളില്‍ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പലതും പ്രതികള്‍ക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗര്‍ബല്യങ്ങള്‍ പ്രതികള്‍ മുതലെടുത്തോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.