സ്വര്‍ണക്കടത്ത് കേസ് : കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം: സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന കെഎസ്ഐടിഐഎല്‍ (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാടെക്ചര്‍ ലിമിറ്റഡ്)ന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ കസ്റ്റംസ് റെയ്ഡ്. സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും കസ്റ്റഡിയിലെടുത്തു. ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഐടിഐഎല്‍.

ഓപ്പറേഷന്‍ മാനേജര്‍ എന്ന തസ്തികയിലാണ് സ്വപ്ന ഇവിടെ ജോലി ചെയ്തത്. ഇവിടെ ജോലി ചെയ്ത സമയത്തും സ്വപ്ന ഓഫീസ് മുറി ഗൂഡാലോചനയ്ക്ക് വേദിയാക്കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതേ തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്. ഒരു മണിക്കൂറിലേറെ സമയം പരിശോധന നീണ്ടു. ഏഴ് അംഗ കസ്റ്റംസ് സംഘം ഫയലുകള്‍ കസ്റ്റഡിയിലെടുത്തു.

അതേസമയം തിരുവനന്തപുരത്തെ ഹെദര്‍ ടവറില്‍ ഫ്ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കരന്‍ ആവശ്യപ്പെട്ടിട്ടാണെന്ന് അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. താമസം മാറുന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ളാറ്റ് ഏര്‍പ്പാടാക്കേണ്ടതെന്ന് പറഞ്ഞിരുന്നു. ഇതിന്റെ തെളിവ് കൈവശമുണ്ട്. അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അരുണ്‍ ബാലചന്ദ്രന്‍ വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഐടി ഫെല്ലോ എന്ന പോസ്റ്റിലാണ് അരുണ്‍ ബാലചന്ദ്രന്‍ ജോലി ചെയ്തിരുന്നത്. എം ശിവശങ്കര്‍ ഐടി സെക്രട്ടറി ആയിരിക്കെ അദ്ദേഹത്തിന്റെ കീഴിലാണ് അരുണ്‍ പ്രവര്‍ത്തിച്ചത്. നിലവില്‍ ടെക്‌നോപാര്‍ക്കിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആണ് അരുണ്‍. ഫ്‌ളാറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുണ്‍ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. ഈ ഫ്ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫ്‌ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.

Top