സ്വര്‍ണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയറ്റിലെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ തേടി എന്‍ഐഎ. ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്ത് നല്‍കി. ആവശ്യപ്പെടുമ്പോള്‍ ദൃശ്യങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെടുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് സമാന്തരമായാണ് സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. അതിനാല്‍ത്തന്നെ ഈ വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് കൈമാറിയിട്ടുണ്ട്. ആവശ്യപ്പെടുന്ന തീയതികളിലെ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. ഇതനുസരിച്ച് എന്‍ഐഎ ഹൗസ് കീപ്പിംഗിലെ ഉദ്യോഗസ്ഥനോട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൗസ് കീപ്പിംഗ് ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി പി ഹണിയില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും അടക്കമുള്ളവര്‍ക്ക് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ത്തന്നെയാണ് ശിവശങ്കറിന്റെ ഓഫീസും. ഇവിടെയും പ്രതികള്‍ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫീസുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ തേടുന്നത്.

Top