സ്വര്‍ണകടത്ത് കേസ്: സബ് മിഷന് അനുമതിയില്ല, CBI അന്വേഷണം വേണമെന്നും വിഡി സതീശന്‍

സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം തടഞ്ഞ് സ്പീക്കർ. സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നൽകരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ അടിയന്തര പ്രമേയമായി ചർച്ച ചെയ്ത വിഷയമെന്നാണ് മാത്യു ടി തോമസ് അറിയിച്ചത്. സബ് മിഷന് എതിരെ ക്രമ പ്രശ്നവുമായി ഭരണപക്ഷം രംഗത്തെത്തിയതോടെയാണ് സ്പീക്കര്‍ സബ്മിഷന് അനുമതി നിഷേധിച്ചത്.

വിദേശകാര്യമന്ത്രി പറഞ്ഞ പ്രോട്ടോകോൾ ലംഘനം അടക്കമുള്ള കാര്യങ്ങളാണ് താൻ ഉന്നയിക്കുന്നതെന്ന് വി ഡി സതീശന്‍ സഭയിൽ ഉന്നയിച്ചിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കാൻ പാടില്ലാത്തത് നടന്നുവെന്നാണ് വിദേശ കാര്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ചു എന്ന് വരെ ആരോപണം ഉയർന്നിരുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി. എന്നാൽ കേരള സർക്കാരിന്റെ പ്രാഥമിക പരിഗണയിൽ പെടാത്ത കാര്യമാണിതെന്ന് പി രാജീവ് പറഞ്ഞു. കോൺസുലേറ്റ് കേന്ദ്ര സർക്കാർ പരിധിയിലാണ്. അതിനാല്‍ സബ്മിഷന്‍ ചട്ട വിരുദ്ധമാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍
സി ബി ഐ അന്വേഷണം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. കോൺസുലേറ്റ് എന്ന വാക്ക് പറയാൻ പാടില്ല എന്നില്ല. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്. മടിയിൽ കനമില്ലാത്തത് കൊണ്ട് വഴിയിൽ പേടിയില്ല എന്ന് ബോർഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Top