സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് അന്വേഷിക്കും

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് അന്വേഷിക്കുമെന്ന് എന്‍ഐഎ. കേസ് ഇന്ത്യയിലും വിദേശത്തും അന്വേഷിക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ആരോപണമുണ്ടായ കേസാണ് ഇത്. നാല് പ്രതികള്‍ യുഎഇയിലാണ് ഉള്ളത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്നും എന്‍ഐഎ കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാം പ്രതി ഫൈസല്‍ ഫരീദ്, 10-ാം പ്രതി റിബിന്‍സ്, 15 പ്രതി സിദ്ദീഖുല്‍ അക്ബര്‍, 20. പ്രതി അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. കേസില്‍ ആകെ 20 പ്രതികളാണുള്ളത്. കൂടുതല്‍ പ്രതികളുടെ പങ്കാളിത്തം കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കള്ളക്കടത്ത് പണം ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു. വിദേശത്തുള്ള കൂടുതലാളുകളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം തേടാന്‍ എന്‍ഐഎയുടെ ശ്രമിക്കുകയാണെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

യുഎഇയിലുള്ള എന്‍ഐഎ സംഘം ഇതിനുള്ള അനുമതിക്കായി കാത്തുനില്ക്കുന്നതായാണ് സൂചന. ഭീകരവാദത്തിന് പണം വന്ന വിഷയത്തിലാണ് ഫൈസല്‍ ഫരീദിനെ പ്രധാനമായും ചോദ്യം ചെയ്തതെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നേരത്തെ വിദേശകാര്യമന്ത്രാലയം കത്ത് നല്‍കിയിരുന്നു.

ആദ്യ കത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു കത്ത് കൂടി കേന്ദ്രം നല്‍കി. ഇക്കാര്യത്തില്‍ ഔദ്യോഗികമായ അനുമതിക്ക് സാധ്യത മങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ യുഎഇയിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ചില മൊഴികളില്‍ വ്യക്തത വരുത്താനെങ്കിലും അനുമതി കിട്ടാനാണ് നീക്കം.

Top