കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ സന്ദീപ് നായരുടെ ബാഗ് തുറന്ന് അന്വേഷണസംഘം പരിശോധിക്കും. സ്വര്‍ണക്കടത്തിലെ നിര്‍ണായകതെളിവായി അനുമാനിക്കുന്ന ഈ ബാഗ് ബെംഗളൂരുവില്‍ വെച്ച് സന്ദീപിനെ അറസ്റ്റ് ചെയ്തപ്പോഴാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
കോടതിയുടെ മേല്‍നോട്ടത്തില്‍ ബാഗ് തുറന്ന് പരിശോധിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി ഇതിന് അനുമതി നല്‍കുകയായിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രതിഭാഗം അഭിഭാഷകുടെ കൂടി സാന്നിധ്യത്തിലാവും ബാഗ് തുറക്കുക. കെല്‍സ ഏര്‍പ്പാടാക്കിയ അഭിഭാഷകയാവും കോടതിയില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാവുക.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കൊച്ചിയിലെ കോടതിയിലാണ് ഹാജരാക്കിയത്. കേസില്‍ ആദ്യം അറസ്റ്റിലായ സരിത്ത്, ഇന്ന് കസ്റ്റംസിന്റെ അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെയുമാണ് കോടതിയില്‍ ഹാജരാക്കിയത്.
കസ്റ്റംസ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അംജത്ത് അലി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇവരെ വൈദ്യ പരിശോധനക്ക് ഹാജരാക്കിയത്. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഉച്ചയോടെയാണ് പ്രതികളെ വൈദ്യ പരിശോധനക്കായി എത്തിച്ചത്. ഇതിന് ശേഷം ഇവരെ രണ്ട് മണിയോടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ ഹാജരാക്കുകയായിരുന്നു.