സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇ ഡി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇ ഡി സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടര്‍ ജിതേന്ദ്ര കുമാര്‍ ഗോഗിയ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നാണ് ഇഡിയുടെ പരാതി. ഓഗസ്റ്റ് അഞ്ചിനും പതിനേഴിനും ഇടയില്‍ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ സുരക്ഷ ചുമതല ഉണ്ടായിരുന്ന രണ്ട് വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി ഇഡി തങ്ങളുടെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

 

Top