തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയുടേയും സന്ദീപിന്റേയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വെച്ചാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടേയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടി.
ചോദ്യം ചെയ്യാന്‍ ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കസ്റ്റംസിനുണ്ട്. എന്നാല്‍ നിലവില്‍ കസ്റ്റഡിയില്‍ കിട്ടണമെന്ന അപേക്ഷ തിങ്കളാഴ്ച മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. അഭിഭാഷകന്‍ മുഖേനെ സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്നയുടെ അഭിഭാഷകന്‍ ജാമ്യഹര്‍ജിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
അതേസമയം, സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കി. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസ്സിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് സൂചന.