സ്വര്‍ണക്കടത്ത് കേസ് : സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരികമായ ബന്ധമുണ്ടെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധമെന്ന് എന്‍ഐഎ. സ്വപ്നയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ അസിസ്റ്റന്റ് സോളിസിസ്റ്റര്‍ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരികമായ ബന്ധമുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സ്വപ്നയുടെ മെന്ററായും ശിവശങ്കര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ഡിപ്ലോമാറ്റിക് ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നു ഭീഷണിയെന്നാണ് വിവരം.

കേസിലെ പ്രതിയായ സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ബാഗ് തുറക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയായിരുന്നു.

ഇന്ത്യയുടെ സമ്മര്‍ദ്ദത്താല്‍ നയതന്ത്ര പരിരക്ഷ പിന്‍വലിച്ചാല്‍ താന്‍ അറസ്റ്റിലാകുമെന്ന് അറ്റാഷെ ഭയപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

Top