കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ. സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ പറയുന്നു. പിടിയിലാകുന്നതിന് മുമ്പ് പ്രതികള്‍ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും ഭീകരവാദ പ്രവര്‍ത്തനത്തിനും കള്ളക്കടത്ത് സംഘം ശ്രമിച്ചതായി സംശയിക്കുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ എടുത്ത ശേഷം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ലോക്ഡൗണ്‍ സമയത്തെ രാജ്യത്തെ സ്ഥിതികള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ചത് റമീസാണ്. ഈ ആശയം മുന്നോട്ടുവെച്ചത് ഇയാളാണെന്നും സന്ദീപ് വെളിപ്പെടുത്തി. വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്വപ്ന സുരേഷിന്റെ ആറ് മൊബൈല്‍ ഫോണും രണ്ട് ലാപ് ടോപ്പും പിടികൂടി. രണ്ട് മൊബൈല്‍ ഫോണുകള്‍ ഫേസ് ആപ്പ് വഴി തുറന്നു. ബാക്കിയുള്ള ഫോണുകള്‍ തുറന്നു പരിശോധിക്കേണ്ടതുണ്ട്. ടെലഗ്രാം വഴി നടന്ന ചാറ്റ് വീണ്ടെടുക്കാനുള്ള ശ്രമം എന്‍ഐഎ ആരംഭിച്ചു.