കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഡിയോ കോണ്‍ഫറന്‍സ് വഴി നൂറ്റിയെട്ടാം നമ്പര്‍ കേസായാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കസ്റ്റംസിനായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാര്‍ ഹാജരാകും.
സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്നതോടെ ഒളിവിലായ സ്വപ്‌ന സുരേഷ് ബുധനാഴ്ച രാത്രിയാണു സ്വപ്ന ഓണ്‍ലൈന്‍ വഴി ജാമ്യഹര്‍ജി നല്‍കിയത്. ജാമ്യഹര്‍ജിയില്‍ യുഎഇ കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരായാണ് സ്വപ്ന ആരോപണം ഉന്നയിക്കുന്നത്. കോണ്‍സല്‍ ജനറലിനായി വന്ന ബാഗേജ് വിട്ടുകൊടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഇടപെടുക മാത്രമാണ് ചെയ്തിട്ടുള്ളത്.
സ്വര്‍ണക്കടത്തുമായി ബന്ധമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സ്വപ്ന ചൂണ്ടിക്കാട്ടി. അന്വേഷണവുമായി സ്വപ്ന ഏതുരീതിയിലും സഹകരിക്കുമെന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയ അഭിഭാഷകന്‍ ടി.കെ.രാജേഷ്‌കുമാര്‍ വ്യക്തമാക്കി.