സ്വര്‍ണക്കടത്ത് കേസ്; രണ്ടുപേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു, ഇരുവര്‍ക്കും തട്ടിപ്പില്‍ നേരിട്ട് പങ്ക്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ടു ബന്ധമുള്ള രണ്ടു പേരെ കൂടി എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തിയ അന്വേഷണ സംഘമാണു ഷഫീക്ക്, ഷറഫുദീന്‍ എന്നിവരെ കൂടി പിടികൂടിയത്. ഷെഫീക്ക് പെരിന്തല്‍മണ്ണ സ്വദേശിയും ഷറഫുദീന്‍ മണ്ണാര്‍കാട് സ്വദേശിയുമാണെന്നാണു വിവരം.

നയതന്ത്ര ചാനല്‍ വഴി കേരളത്തിലേക്കു കടത്തുന്ന സ്വര്‍ണം സന്ദീപ് വഴി റമീസില്‍ എത്തുമ്പോള്‍ അതു കൈപ്പറ്റി പണം മുടക്കിയവരിലേയ്ക്ക് എത്തിച്ചു നല്‍കുന്നതിനു നിയോഗിക്കപ്പെട്ടിരുന്നവരാണു പിടിയിലായത്. കേരളത്തിലും പുറത്തും വിവിധ വ്യക്തികളില്‍നിന്നു പണം സ്വരൂപിച്ചു ക്രൗഡ് ഫണ്ടിങ് രൂപത്തിലാണു സ്വര്‍ണത്തിനുള്ള പണം കണ്ടെത്തിയിരുന്നത് എന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇത്തരത്തില്‍ പണം നല്‍കിയവര്‍ക്കു റമീസില്‍നിന്നു നിശ്ചിത അളവില്‍ സ്വര്‍ണം എത്തിച്ചു നല്‍കിയിരുന്നവരാണു പിടിയിലായത്. 15 പേര്‍ സ്വര്‍ണത്തിനായി പണം മുടക്കിയിരുന്നു എന്നാണു കണ്ടെത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ 14 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Top