തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അറ്റാഷെയ്ക്കും പങ്കുണ്ടെന്നു കേസിലെ പ്രതിയായ സരിത്തിന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. അഭിഭാഷകനായ കേസരി കൃഷ്ണന്‍നായരാണ് ഇക്കാര്യം ഒരു ചാനലിനോടു വെളിപ്പെടുത്തിയത്. അറ്റാഷെയ്ക്കു പങ്കുണ്ടെന്നു സരിത് പറഞ്ഞെന്നും സ്വപ്നയെ കേസില്‍ കുടുക്കുമെന്ന് അറ്റാഷെ ഭീഷണിപ്പെടുത്തിയെന്നും അഭിഭാഷകന്‍ പറയുന്നു.
യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യ വിട്ടതിനു പിന്നാലെയാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. അറ്റാഷെ രണ്ട് ദിവസം മുമ്പാണ് ഡല്‍ഹിയില്‍ നിന്നും യുഎഇയിലേക്ക് കടന്നത്. ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും ഡല്‍ഹിക്ക് പോയി. ഡല്‍ഹിയില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് യുഎഇയിലേക്ക് മടങ്ങിയത്.
അറ്റാഷെയുടെ സഹായം സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ സര്‍ക്കാര്‍ അറിയാതെ യുഎഇയിലേക്ക് കടന്നത്.
സ്വര്‍ണം കണ്ടെത്തിയ പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയും പ്രതികളും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനിരിക്കെയാണ് അറ്റാഷെ രാജ്യം വിട്ടത്.