തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നല്‍കിയ പരാതികളിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെതിയെുള്ള പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയത്.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഐടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവ സംബന്ധിച്ചാണ് പരാതികള്‍ ലഭിച്ചിരിക്കുന്നത്. അതേസമയം, നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.
ഈ മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്. ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറും ചോദ്യം ചെയ്താണ് എന്‍ഐഎ ശിവശങ്കറിനെ പറഞ്ഞുവിട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി ഇത്തരത്തില്‍ ചോദ്യം ചെയ്യുന്നത്.