സ്വര്‍ണ്ണക്കടത്ത്; ബാഗേജിലുള്ളത് ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് തന്നെയെന്ന് സിസിടിവി ദൃശ്യം

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് മുഖ്യ സൂത്രധാരയായ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിന് കൈമാറി. വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഇക്കാണ് കാര്‍ഗോ കോംപ്ലക്‌സിന്റെ നടത്തിപ്പ് ചുമതല. കോംപ്ലക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന 23 സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സ്വര്‍ണ്ണം ഉള്‍പ്പെട്ട ബാഗിന് മുകളില്‍ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഓഫീസിലെത്തിയ ദേശീയ അന്വേഷണ ഏജന്‍സി സംഘം ഇവിടെ നിന്നും മടങ്ങി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് ശേഖരിച്ച ശേഷമാണ് സംഘം മടങ്ങിയത്.

Top