സ്വര്‍ണക്കടത്ത് വിവാദം: സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമക്കേസില്‍ ആരോപണം ഉയര്‍ന്നതിന് പിന്നാലെ മേഖലാ സെക്രട്ടറി സി. സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ. ഡി.വൈ.എഫ്.ഐയുടെ മുന്‍ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണക്കടത്തിന് കാര്‍ നല്‍കിയെന്ന വിവാദത്തിലാണ് സി.സജേഷിനെ പുറത്താക്കാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചത്.

ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്നു സി.സജേഷ്. സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സി.സജേഷിനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി എം. ഷാജര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. രാമനാട്ടുകര സ്വര്‍ണക്കടത്തില്‍ സജേഷിന് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് സജേഷിന്റെ കാര്‍ ആണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സജേഷിലേയ്ക്കും സംശയം നീണ്ടത്. അര്‍ജുന്‍ ആയങ്കിക്ക് ആശുപത്രി ആവശ്യത്തിനായാണ് കാര്‍ നല്‍കിയതെന്നായിരുന്നു സജേഷിന്റെ വിശദീകരണം.

Top