കൊച്ചി: നെടുമ്പാശേരിയിൽ ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയർമാൻ കെകെ ഇബ്രാഹീമിന്റെ മകന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തുന്നത്.
ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി കാറിൽ പോകാൻ ശ്രമിക്കവേ ഇവരെ പിന്തുടർന്നാണ് രണ്ടേകാൽ കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്റെ ഡ്രൈവർ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
യന്ത്രം ഇറക്കുമതി ചെയ്തത് എറണാകുളം തുരുത്തുമ്മേൽ എൻറർ പ്രൈസസായിരുന്നു. നാട്ടിൽ ലഭ്യമാകുന്ന ഇറച്ചിവെട്ട് യന്ത്രം എന്തിനാണ് പുറത്ത് നിന്ന് കൊണ്ടുവരുന്നതെന്ന സംശയമാണ് റെയ്ഡിലേക്ക് നയിച്ചത്. സിറാജുദ്ദീൻ എന്നയാൾ അയച്ച സ്വർണം ആർക്കാണ് വന്നതെന്ന കാര്യത്തിലെ സംശയമാണ് തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിലെ റെയ്ഡിലേക്കെത്തിയത്. ഇദ്ദേഹത്തിന്റെ മകൻ ഷാബിലിന് സ്വർണക്കടത്തിൽ പങ്കുണ്ടോയെന്നുള്ള സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്.