നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്; രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തിന് ഇവര്‍ പണം മുടക്കിയതായി കണ്ടെത്തിയിനെ തുടര്‍ന്നാണ് അറസ്റ്റ്.

നേരത്തെ അറസ്റ്റിലായ റമീസിനെ ചോദ്യംചെയ്തതില്‍ നിന്നാണ് അന്‍വറിനെയും സെയ്തലവിയെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പടുത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സന്ദീപും റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാര്‍ എന്നാണ് കസ്റ്റംസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. സ്വര്‍ണം കടത്താന്‍ വിവിധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നത് റമീസ് ആണ്. ജലാല്‍ മുഖേന സ്വര്‍ണക്കടത്തിന് പണം മുടക്കാന്‍ തയാറുള്ളവരെ കണ്ടെത്തുന്നു. ഈ പണം ഉപയോഗിച്ചാണ് സന്ദീപും റമീസും വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത്.

ലാഭവിഹിതം പണം മുടക്കിയവര്‍ക്ക് നല്‍കുന്നതും സ്വര്‍ണത്തിന് ആവശ്യക്കാരെ കണ്ടെത്തുന്നതും താഴെത്തട്ടില്‍ വിതരണം ചെയ്യുന്നതും ജലാല്‍ ആണ്. അംജത് അലിയും മുഹമ്മദ് ഷാഫിയും സ്വര്‍ണക്കടത്തിന് ഫിനാന്‍സ് ചെയ്തവരില്‍ ഉള്‍പ്പെടുന്നുവെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കസ്റ്റംസിന് ലഭിച്ച വിവരം.

Top