സ്വര്‍ണക്കടത്ത്; 100 കിലോയിലധികം സ്വര്‍ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലേക്ക്

കൊച്ചി: സ്വപ്‌ന സുരേഷ് മുഖ്യ പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കിലോയിലധികം സ്വര്‍ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് കണ്ടെത്തി. സ്വപ്നയും കൂട്ടാളികളും നയതന്ത്ര ചാനല്‍ വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്. റമീസ് നേരത്തെ കടത്തിയ സ്വര്‍ണവും ഇവിടേക്കാണ് കൊണ്ടുപോയത്.

കോലാപ്പൂരിനും പുണെയ്ക്കും മധ്യേയുള്ള സാഗ്ലി കള്ളക്കടത്തിലൂടെ വരുന്ന സ്വര്‍ണം ആഭരണമാക്കി മാറ്റുന്ന പ്രധാന കേന്ദ്രമാണ്.

റമീസിനെ ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണം വാങ്ങിയ പതിനഞ്ചോളം പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അതേ സമയം തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണ് റമീസ് പറയുന്നത്. സ്വപ്നയും സന്ദീപും നടത്തുന്ന പാര്‍ട്ടികളില്‍ ശിവശങ്കറിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലും റമീസ് നിഷേധിക്കുന്നു.

എന്നാല്‍ സാഗ്ലിയിലേക്ക് പോകാന്‍ കോവിഡ് ഭീഷണി കസ്റ്റംസിന് തടസമാകുകയാണ്. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങി റമീസിനൊപ്പം ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിനെക്കുറിച്ച് പൂര്‍ണ വിവരം പുറത്ത് വരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

Top