കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ രഹസ്യമൊഴി നല്‍കിയതിനു ശേഷം തനിക്ക് വധഭീഷണിയുണ്ടെന്നു നാലാം പ്രതി സന്ദീപ് നായര്‍. ഇക്കാര്യം സന്ദീപ് എന്‍ഐഎ പ്രത്യേക കോടതിയെ അറിയിക്കുകയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റണമെന്നും അപേക്ഷിച്ചു. സ്വര്‍ണക്കടത്തു കേസില്‍ സന്ദീപിനെ മാപ്പുസാക്ഷിയാക്കാനുള്ള നിയമസാധ്യത അന്വേഷണ സംഘം പരിശോധിക്കുന്നതിനിടയിലാണു വധഭീഷണിയുണ്ടെന്നു പ്രതി അറിയിച്ചത്. ജയിലില്‍ ആക്രമിക്കാനും വകവരുത്താനും സാധ്യതയുണ്ടെന്നാണു പരാതി.
പ്രതികളായ മുസ്തഫ, അബ്ദുല്‍ അസീസ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കിയതായി കോടതിയെ എന്‍ഐഎ അറിയിച്ചു. പ്രതികളായ പി.ടി അബ്ദു, കെ.ടി ഷറഫുദ്ദീന്‍, മുഹമ്മദാലി, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അനുമതി തേടി.
കേസിലെ പ്രതികളെ 180 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും നല്‍കി. പ്രതികള്‍ക്കെതിരെ യുഎപിഎ (നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം) ചുമത്തിയതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ 180 ദിവസം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാം. 3 പ്രതികളുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വിധി പറയും.