ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാൻ ഒരു ദിവസം ശേഷിക്കെ സിനിമ മേഖലയിലെ ലൈംഗിക അതിക്രമങ്ങൾക്ക് എതിരെയുള്ള പ്രതിഷേധ സൂചകമായി ലൈംഗിക ആരോപണം നേരിടുന്ന ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീന്റെ സ്വർണ പ്രതിമ “കാസ്റ്റിംഗ് കൗച്ച്” വേദിയിൽ സ്ഥാപിച്ചു.
കുളി കഴിഞ്ഞു ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചു ഓസ്കർ ശിൽപ്പത്തിന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് ഇരിക്കുന്ന വെയ്ൻസ്റ്റീന്റെ സ്വർണ്ണ നിറത്തിലുള്ള പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിന് സമീപമാണ് പ്രതിമ വെച്ചിരിക്കുന്നത്. നഗ്നനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിമയുടെ പിന്നിൽ പ്രവർത്തിച്ച കലാകാരൻ തന്നെയാണ് ഇതിന്റെയും ശിൽപി.
വെയ്ൻസ്റ്റീന്റെ അടുത്തിരുന്നുകൊണ്ട് അദ്ദേഹത്തോടൊപ്പം അവിസ്മരണീയമായ ചിത്രങ്ങൾ എടുക്കാൻ പറ്റുന്ന വിധത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നതെന്നും, ഈ പ്രതിമ നിർമ്മിക്കാൻ രണ്ട് മാസമെടുത്തുവെന്നും ശിൽപി വ്യക്തമാക്കി.
“Casting couch”. This year’s Oscar statue . Collab with ginger. #metoo #hollywood #oscars2018 #AcademyAwards pic.twitter.com/nQwXMeiPn2
— Plastic Jesus (@plasticjesusart) March 1, 2018
അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ ഹോളീവുഡിലെ പ്രമുഖ നടിമാരടക്കം എഴുപതോളം വനിതകളാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തോട് ഹോളിവുഡിൽ സിനിമ മേഖലയിലെ ലൈംഗിക ചുഷണങ്ങളുടെ കഥകൾ പുറത്തുവരുകയായിരുന്നു.
ഹാർവി വെയ്ൻസ്റ്റെയ്നെതിരെ ഹോളീവുഡിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിരുന്നു. നിരവധിപേർ വെയ്ൻസ്റ്റീനും കമ്പനിക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൾ ഫയൽ ചെയ്തു. നിലവിൽ ഈ കേസുകൾ കോടതിയുടെ പരിഗണനയിലാണ്.