അവ്നില്‍ ഒളിപ്പിച്ച 1.28 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കാര്‍ഗോ കോംപ്ലക്‌സ് വഴി അയച്ച ബാഗേജില്‍ നിന്നു 1.28 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൈക്രോവേവ് അവ്‌നില്‍ ഒളിപ്പിച്ച 2.8 കിലോഗ്രാം സ്വര്‍ണമാണ് ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍ പിടികൂടിയത്.

യാത്രക്കാരന്‍ കൂടെ കൊണ്ടുവരാതെ യുബി (അണ്‍ അക്കംപനീഡ് ബാഗേജ്) ആയി അയച്ച കാര്‍ഗോയിലായിരുന്നു സ്വര്‍ണം. ഇക്കഴിഞ്ഞ 17നു ലഭിച്ച കാര്‍ഗോയില്‍ സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇന്നലെ കാര്‍ഗോ കൈപ്പറ്റാന്‍ എത്തിയപ്പോള്‍ യാത്രക്കാരന്റെ സാന്നിധ്യത്തില്‍ വീണ്ടും പരിശോധിക്കുകയായിരുന്നു.

മലപ്പുറം മൊറയൂര്‍ സ്വദേശിയായ ബി.ഫാസില്‍ അയച്ച ബാഗേജിലായിരുന്നു സ്വര്‍ണം.ഡപ്യൂട്ടി കമ്മിഷണര്‍ ടി.എ.കിരണ്‍, സൂപ്രണ്ട് എം.പ്രവീണ്‍, ഉദ്യോഗസ്ഥരായ കപില്‍ സൂര്യ, എം.ജയപ്രകാശ്, കെ.പി.വേണുഗോപാലന്‍, എ.ആര്‍. പ്രദീപ്, സി.സി.ശിവദാസന്‍ എന്നിവരാണു സ്വര്‍ണം പിടികൂടിയത്.

 

Top