ബാംഗ്‌ളൂര്‍: കേരളത്തില്‍നിന്നും ആന്ധ്രാപ്രദേശിലേക്ക് കാറില്‍ കൊണ്ടുപോവുകയായിരുന്ന 4.7 കോടിയുടെ സ്വര്‍ണം ബാംഗ്‌ളൂരുവില്‍ നിന്ന് പിടിച്ചെടുത്തു. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. വടക്കന്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നടത്തിയ പരിശോധനയിലാണ് ബംഗളൂരു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്. തമിഴ്‌നാട്, കര്‍ണാടക സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കേരള രജിസ്‌ട്രേഷനിലുള്ള കാറിലാണ് സംഘം യാത്ര ചെയ്തിരുന്നത്. കേരളത്തിലെ കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയെത്തുന്ന സ്വര്‍ണം മറിച്ചു വില്‍ക്കാന്‍ ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. 9.3 കിലോ ഗ്രാം സ്വര്‍ണ ബാറുകള്‍ കാറിന്റെ സീറ്റിന് അടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ലോക്ഡൗണിനെ തുടര്‍ന്നുള്ള പരിശോധന ഒഴിവാക്കാന്‍ കാറില്‍ അവശ്യസേവനമാണെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ പതിപ്പിച്ചിരുന്നു.
ആകെ 11 സ്വര്‍ണ ബാറുകളാണ് കണ്ടെത്തിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലെത്തിച്ചു. സ്വര്‍ ണക്കടത്തിന് പിന്നിലെ മലയാളികളെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.