ഗോൾഡൻ ഗ്ലോബ് റേസ്; ചരിത്രമെഴുതാൻ അഭിലാഷ് ടോമി; വനിത താരം ക്രിസ്റ്റീന്‍ ഫിനിഷ് ചെയ്തു

ലെ സാബ്ലെ ദൊലാന്‍: ഗോൾഡൻ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്തേക്ക്. ചരിത്രമെഴുതിക്കൊണ്ട് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ആദ്യമായി ഒരു വനിത ഒന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയായ ക്രിസ്റ്റീന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഏഴ് മണിയോടെ മത്സരം പൂര്‍ത്തിയാക്കുമെന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘാടകര്‍ വിശദമാക്കുന്നത്. രാവിലെ ഫിനിഷിംഗ് പോയിന്റില്‍ നിന്ന് വെറും 17 നോട്ടിക്ക് മൈല്‍ അകലെയാണ് അഭിലാഷ് ടോമിയെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഗോൾഡന്‍ ഗ്ലോബ് റേസിന്റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത്.

കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിനാണ് മത്സരം ആറംഭിച്ചത്. 236 ദിവസങ്ങളാണ് അഭിലാഷ് ടോമി ബയാനത്ത് എന്ന ചെറുപായക്കപ്പലില്‍ 1968ല്‍ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് ലോകം ചുറ്റുന്നത്. മറ്റ് കായിക ഇനങ്ങളേക്കാളും വെല്ലുവിളികള്‍ നിറഞ്ഞ മത്സരമായതിനാല്‍ സമുദ്ര സാഹസികതയുടെ എവറസ്റ്റ് എന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസിനെ വിളിക്കുന്നത്. പ്രകൃതിയുടെ വെല്ലുവിളികളേയും ശാരീരിക മാനസിക വെല്ലുവിളികളേയും ഒരു പോലെ മറികടന്നാണ് മത്സരത്തില്‍ പങ്കെടുക്കുന്ന നാവികര്‍ നേരിടേണ്ടി വരുന്നത്.

എന്നാല്‍ ആദ്യമായി ഈ നേട്ടത്തിലെത്തുന്ന അഭിലാഷ് ടോമിക്ക് ഐപിഎല്‍ ഭ്രമം മൂലം അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മറ്റേത് കായിക ഇനങ്ങളേക്കാളും ശാരീരിക മാനസിക ക്ഷമത വേണ്ട മത്സരയിനമായ ഗോള്‍ഡന്‍ ഗ്ലോബ് റേസിനെ ഐപിഎല്‍ സീസണ്‍ മുക്കികളയുന്നതായാണ് വിമര്‍ശനം.

Top