ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടം; അഭിലാഷ് ടോമിയെ കാണാതായി

പെര്‍ത്ത്: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണ മത്സരത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി (39)യെ അപകടത്തില്‍പെട്ട് കാണാതായി. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്.

പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്വഞ്ചി ‘തുരിയ’, ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു.

അര നൂറ്റാണ്ട് മുമ്ബുള്ള കടല്‍ പര്യവേക്ഷണ രീതികള്‍ മാത്രം ഉപയോഗിച്ചുള്ളതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. ഏഴ് പേര്‍ ഇടയ്ക്കുവച്ച് പിന്മാറിയിരുന്നു. ഇപ്പോള്‍ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മത്സരരംഗത്തുള്ളത്.

Top