Golden start for Kerala in school athletics meet

കോഴിക്കോട്: 61 ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് കേരളത്തിന്റെ മെഡല്‍ വേട്ടയോടെ തുടക്കം. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ കേരളത്തിന്റെ ബിപിന്‍ ജോര്‍ജ് സ്വര്‍ണവും ഷെറിന്‍ ജോസ് വെള്ളിയും സ്വന്തമാക്കി.

പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ പി.ആര്‍.അലീഷ സ്വര്‍ണം നേടിയപ്പോള്‍ സാന്ദ്ര എസ്.നായര്‍ക്കാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ പി.എന്‍.അജിത്ത് സ്വര്‍ണം സ്വന്തമാക്കി.

ആദ്യ ദിനം ആറിനങ്ങളിലാണ് ഫൈനല്‍ പോരാട്ടങ്ങള്‍. വൈകിട്ട് നാലുമണിക്ക് വിവിധ സംസ്ഥാനങ്ങളിലെ അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റോടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും.

95 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തിനായി ഇതുവരെ 2695 മല്‍സരാര്‍ഥികള്‍ റജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ അത്‌ലറ്റുകള്‍ എത്തിയത് സിബിഎസ്ഇ വെല്‍ഫെയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനില്‍ നിന്നാണ്. 174 പേരാണ് വിവിധ ഇനങ്ങളിലായി അവര്‍ക്കായി ട്രാക്കിലിറങ്ങുക. രണ്ടു പേരെ പങ്കെടുപ്പിച്ച് ഛണ്ഡീഗഡാണ് ഏറ്റവും പിറകില്‍

സ്റ്റേഡിയത്തില്‍ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനവും ലഭ്യമാകും. സ്റ്റേഡിയത്തില്‍ 100 പേര്‍ക്ക് താമസ സൗകര്യമുണ്ട്. വാംഅപ് ഏരിയയും തയാറായിട്ടുണ്ട്. കാണികള്‍ക്കു വെയിലേല്‍ക്കാതെ മല്‍സരങ്ങള്‍ കാണാനായി ഗാലറികള്‍ക്ക് പന്തല്‍ തയാറായിട്ടുണ്ട്. അഞ്ഞൂറു പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക ഗാലറിയും നിര്‍മിച്ചിട്ടുണ്ട്.

Top