good relation maintain states and central govt; pinarayi

pinarayi-vijayan

ന്യൂഡല്‍ഹി: രാജ്യത്ത് വികസനലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിരന്തരം കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുംവിധം ഘടനാപരമായി മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ .

നിതി ആയോഗ് ഒരിക്കലും ആസൂത്രണ കമ്മീഷന് പകരമാകില്ല. കേന്ദ്രം പഞ്ചവത്സര പദ്ധതികള്‍ അവസാനിപ്പിച്ചെങ്കിലും കേരളം ഏപ്രില്‍ ഒന്നുമുതല്‍ 13ാം പഞ്ചവത്സര പദ്ധതിക്ക് തുടക്കമിട്ടു. അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കണം. സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടിട്ടുള്ള വിവിധ വികസന പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലൈഫ് എന്ന പേരില്‍ തുടക്കമിട്ട സമ്പൂര്‍ണ ഭവനപദ്ധതിക്കായി അടുത്ത മൂന്നു വര്‍ഷ കാലയളവില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കൂടുതല്‍ കേന്ദ്ര വിഹിതം അനുവദിക്കണം. ഇത് സാധ്യമായാല്‍ പിന്നീട് പിഎംഎവൈ പ്രകാരം ഗ്രാമീണ മേഖലയ്ക്ക് കേന്ദ്ര വിഹിതം ആവശ്യമായി വരില്ല. സ്‌കൂളുകളെ സ്മാര്‍ട്ട് സ്‌കൂളുകളാക്കി മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേരളം പദ്ധതി തയ്യാറാക്കി. ഇതിനായി വിവിധ സ്രോതസ്സുകളില്‍നിന്ന് പണം കണ്ടെത്തും. കേന്ദ്ര വിഹിതം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഭാരതപ്പുഴ, പമ്പ, പെരിയാര്‍ നദികളുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സഹായം ആവശ്യമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എയിംസിന് തുല്യമായ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ 200 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായി ഈവര്‍ഷം ആദ്യം അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടായിട്ടില്ല.

പൊതു ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനായി ആര്‍ദ്രം പദ്ധതിക്ക് തുടക്കമിട്ടു. കേന്ദ്രത്തിന്റെ വര്‍ധിച്ച സാമ്പത്തിക പിന്തുണ പദ്ധതിക്ക് ആവശ്യമാണ്. കെഫോണ്‍ എന്ന പേരില്‍ ഒപ്റ്റിക്ക് ഫൈബര്‍ ശൃഖല സംസ്ഥാന വ്യാപകമായി ഉറപ്പാക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ബന്ധം, 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ്, സംസ്ഥാന വ്യാപകമായി ജിഗാബൈറ്റ് തലത്തില്‍ ബാന്‍ഡ്വിഡ്ത്ത് തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. ആവശ്യമായ പണം കേന്ദ്രം അനുവദിക്കണം.

ചെന്നൈബംഗളൂരു വ്യാവസായിക ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് വ്യാപിപ്പിക്കാന്‍ കേരളവും തമിഴ്‌നാടും ധാരണയായിട്ടുണ്ട്. ഇതിനായി പദ്ധതിയും മാതൃകാ മാസ്റ്റര്‍ പ്‌ളാനും തയ്യാറാക്കാന്‍ കെഎസ്‌ഐഡിസി കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്. വേഗത്തിലുള്ള അനുമതിക്ക് ബന്ധപ്പെട്ട ഏജന്‍സികളോട് പ്രധാനമന്ത്രി നിര്‍ദേശിക്കണം. കേരളത്തിന് പ്രഖ്യാപിച്ച ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കണം. കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. ധനസഹായം ലഭിക്കുന്നതിനായി കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.

വേഗത്തിലുള്ള അനുമതിയുണ്ടാകണം. കണ്ണൂരിലെ പുതിയ വിമാനത്താവളം ഭൂമിശാസ്ത്രപരമായി ഒരു മേഖലാ കേന്ദ്രമാക്കി മാറ്റാനും വ്യോമയാന വ്യവസായത്തിന് അറ്റകുറ്റപ്പണികള്‍ക്കും മറ്റുമുള്ള ഒരു ലോജിസ്റ്റിക്‌സ് താവളമാക്കി മാറ്റാനും സാധിക്കും. ഇതിനാവശ്യമായ പിന്തുണ വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം.

അടുത്ത 15 വര്‍ഷക്കാലത്തേക്ക് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ സാമ്പത്തികവളര്‍ച്ചയും ഉയര്‍ന്ന വൈദഗ്ധ്യ വികസനവും മാന്യമായ തൊഴിലും ഉറപ്പാക്കുകയുമാണ് കേരളത്തിന്റെ ലക്ഷ്യം. ശുദ്ധമായ പരിസ്ഥിതി ഉറപ്പാക്കുകയും ജൈവ വൈവിധ്യം ഉറപ്പാക്കുകയും ചെയ്യും മുഖ്യമന്ത്രി പറഞ്ഞു.

Top