വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍ ; ഫോം വീണ്ടെടുത്ത് ശ്രേയസ് അയ്യര്‍

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യരാണ് (64) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒഡെയ്ന്‍ സ്മിത്ത് വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് ഇന്ത്യ നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, ശ്രേയസ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക്കാണ് ടീമിനെ നയിക്കുന്നത്.

മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇഷാന്‍- ശ്രേയസ് സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇഷാന്‍ അഞ്ചാം ഓവറില്‍ മടങ്ങി. ഡൊമിനിക് ഡ്രേക്‌സിന്റെ പന്തില്‍ നിക്കോളാസ് പുരാന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപക് ഹൂഡ (25 പന്തില്‍ 38)- ശ്രയസ് സഖ്യം ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ചു. ഇരുവരും 76 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആക്രമിച്ച് കളിച്ച ഹൂഡ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ഹെയ്ഡന്‍ വാല്‍ഷിന് ക്യാച്ച് നല്‍കിയാണ് ഹൂഡ മടങ്ങുന്നത്.

നാലാമനായി ക്രീസിലെത്തിയ സഞ്ജുവിന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാനായില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ സ്മിത്തിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സഞ്ജു. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തികും (12) നിരാശപ്പെടുത്തി. എന്നാല്‍ ഹാര്‍ദി പാണ്ഡ്യയുടെ (16 പന്തില്‍ 28) ഇന്ത്യയെ സഹായിച്ചു. അവസാന ഓവറില്‍ പാണ്ഡ്യ റണ്ണൗട്ടായില്ലെങ്കില്‍ സ്‌കോര്‍ 200ന് അടുത്തെത്തിയേനെ. അക്‌സര്‍ പട്ടേലാണ് (9) പുറത്തായ മറ്റൊരു താരം. കുല്‍ദീപ് യാദവ് (0), ആവേഷ ഖാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

Top