ഹരാരെ: സിംബാബ്വേക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. കന്നി സെഞ്ച്വറിയുമായി കളം നിറഞ്ഞ ശുഭ്മാന്‍ ഗില്ലിന്‍റെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടലുയര്‍ത്തിയത്. വണ്‍ ഡൌണായി ഇറങ്ങി 97 പന്തില്‍ 15 ബൌണ്ടറികളും ഒരു സിക്സറുമടക്കം 130 റണ്‍സെടുത്ത ഗില്‍ ഏഴാം വിക്കറ്റായാണ് പുറത്തായത്. ഗില്ലിന് പുറമേ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കിഷനും തിളങ്ങി. മൂന്നാം വിക്കറ്റില്‍ ഗില്ലും കിഷനും ചേര്‍ന്ന് 140 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 61 പന്തില്‍ ആറ് ബൌണ്ടറികളുള്‍പ്പെടെ 50 റണ്‍സെടുത്ത കിഷനെ ടോണി മുൻയോംഗ റണ്ണൊട്ടാക്കുകയായിരുന്നു.
ആദ്യ വിക്കറ്റില്‍ ധവാനും നായകന്‍ രാഹുലും ചേര്‍ന്ന് 63 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ധവാന്‍ 68 പന്തില്‍ 40 റണ്‍സും രാഹുല്‍ 46 പന്തില്‍ 30 റണ്‍സും നേടി. രണ്ടു വിക്കറ്റുകളും ബ്രാഡ് ഇവാൻസിനാണ്. മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടേതുള്‍പ്പെടെ അഞ്ച് വിക്കറ്റുകളാണ് ബ്രാഡ് ഇവാൻസ് പിഴുതത്.
മൂന്നാം വിക്കറ്റില്‍ മികച്ച ഫോമില്‍ ബാറ്റ് വീശിയ ഗില്ലും കിഷനും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ടീം സ്കോര്‍ 224ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. പിന്നീടെത്തിയ ദീപക് ഹൂഡയും കഴിഞ്ഞ മത്സരത്തിലെ താരമായ സഞ്ജു സാംസണും നിരാശപ്പെടുത്തി. ഹൂഡ ഒരു റണ്‍സോടെ പുറത്തായപ്പോള്‍ സഞ്ജു 13 പന്തില്‍ 15 റണ്‍സ് നേടി. രണ്ട് കിടിലന്‍ സിക്സറുകള്‍ ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. ഇതിനിടെ 82 പന്തില്‍ ഗില്‍ തന്‍റെ കന്നി സെഞ്ച്വറി കണ്ടെത്തുകയായിരുന്നു. മികച്ച തുടക്കം കിട്ടിയെങ്കിലും മധ്യനിരക്ക് അത് മുതലാക്കാനാകാതെ പോയതാണ് ഇന്ത്യക്ക് വിനയായത്. 300 ന് മുകളില്‍ പോകേണ്ടിയിരുന്ന സ്കോര്‍ അങ്ങനെ 289 ല്‍ അവസാനിക്കുകയായിരുന്നു.