ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് മികച്ച സ്കോര്‍

സിഡ്നി: ടി20 ലോകകപ്പിലെ നിർണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ മുന്‍നിര തകര്‍ന്നഞ്ഞിരുന്നു. പിന്നീട് ഇഫ്തിഖര്‍ അഹമ്മദിന്‍റെയും ഷദാബ് ഖാന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 22 പന്തില്‍ 52 റണ്‍സെടുത്ത ഷദാബ് ഖാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ക്യ 41 റണ്‍സിന് നാലു വിക്കറ്റെടുത്തു.

ടോസിലെ ഭാഗ്യം ബാറ്റിംഗില്‍ പാക്കിസ്ഥാനെ തുണച്ചില്ല. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ(4) വെയ്ന്‍ പാര്‍ണല്‍ ബൗള്‍ഡാക്കി. വണ്‍ ഡൗണായെത്തിയ മുഹമ്മദ് ഹാരിസ് കാഗിസോ റബാഡക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സും ഫോറും നേടി പാക്കിസ്ഥാന് പ്രതീക്ഷ നല്‍കി. പാര്‍ണല്‍ എറിഞ്ഞ മൂന്നാം ഓവറിലും ഹാരിസ് ബൗണ്ടറി നേടി. എന്നാല്‍ താളം കണ്ടെത്താന്‍ പാടുപെട്ട ക്യാപ്റ്റന്‍ ബാബര്‍ അസം റണ്ണടിക്കാന്‍ പാടുപെട്ടത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. തകര്‍ത്തടിച്ച ഹാരിസിനെ(11 പന്തില്‍ 27) അഞ്ചാം ഓവറില്‍ ആന്‍റിച്ച് നോര്‍ക്യ മടക്കിയതോടെ പാക്കിസ്ഥാന്‍റെ തകര്‍ച്ച തുടങ്ങി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(15 പന്തില്‍ 6) ലുങ്കി എങ്കിഡിയുടെ പന്തില്‍ റബാഡ ഓടി പിടിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ഷാന്‍ മസൂദിനെ(2) നോര്‍ക്യ ക്യാപ്റ്റന്‍ ടെംബാ ബാവുമയുടെ കൈകകളില്‍ എത്തിച്ചതോടെ പാക്കിസ്ഥാന്‍ 43-4ലേക്ക് കൂപ്പുകുത്തി.

41-4 എന്ന സ്കോറില്‍ ഒത്തു ചേര്‍ന്ന ഇഫ്തീഖറും മുഹമ്മദ് നവാസും(28) ചേര്‍ന്ന് പാക്കിസ്ഥാനെ ആദ്യം തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. നവാസിനെ ഷംസി മടക്കിയശേഷം ക്രീസിലെത്തിയ ഷദാബ് ഖാന്‍ തകര്‍ത്തടിച്ചതോടെ പാക്കിസ്ഥാന്‍ മികച്ച സ്കോറിലേക്ക് നീങ്ങി. ഷദാബിനൊപ്പം ഇഫ്തീഖറും(35 പന്തില്‍ 51) മോശമാക്കിയില്ല. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകകള്‍ കൂടി ചേര്‍ന്നതോടെ പാക്കിസ്ഥാന്‍ മികച്ച സ്കോറിലെത്തി. നാലാം വിക്കറ്റ് വീണശേഷം 142 റണ്‍സാണ് പാക്കിസ്ഥാന്‍ കൂട്ടിച്ചേര്‍ത്തത്. ആറാം വിക്കറ്റില്‍ ഷദാബും ഇഫ്തിഖറും ചേര്‍ന്ന് 35 പന്തില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് പാക് ഇന്നിംഗ്സിന്‍ൻെ നട്ടെല്ല്. അവസാന നാലോവറില്‍ 50 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത്.

ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ക്യ നാലോവറില്‍ 41 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ വെയ്ന്‍ പാര്‍ണല്‍, കാഗിസോ റബാഡ, ലുങ്കി എങ്കിഡി, ടബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക നാല് ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് നേടിയിട്ടുണ്ട്.

Top