ന്യൂഡല്‍ഹി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തില്‍ തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു.
നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്നാണ് പോംപെയോ പറഞ്ഞത്.
അതിനിടെ, നീക്കത്തിനു പിന്തുണയുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും (സിഎഐടി) ഇന്ത്യന്‍നിര്‍മിത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഷെയര്‍ചാറ്റും രംഗത്തെത്തി. ‘ചൈനീസ് ഉല്‍പ്പന്നങ്ങളെ ബഹിഷ്‌കരിക്കുക’ എന്ന സര്‍ക്കാര്‍ നയത്തിന് പൂര്‍ണ പിന്തുണയും ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സുരക്ഷാ വിഷയം മുന്‍നിര്‍ത്തി വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക്, യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചത്.ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്ന് ഉത്തരവ് പറയുന്നു.