കൊല്‍ക്കത്ത: ഏകദിന ഫോര്‍മാറ്റിലുള്ള ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇനിയുണ്ടാകില്ല. പകരം ടി ട്വന്റി ലോകകപ്പ് നടത്താന്‍ ഐസിസി തീരുമാനിച്ചു. ഇതോടെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ടൂര്‍ണമെന്റായി ടി ട്വന്റി ലോകകപ്പ് മാറും.
പുതിയ തീരുമാനത്തോടെ നാല് വര്‍ഷത്തിലൊരിക്കല്‍ ഏകദിന ലോകകപ്പും രണ്ട് വര്‍ഷത്തിലൊരിക്കല്‍ ടി ട്വന്റി ലോകകപ്പും നടക്കും.
ഇന്ത്യയില്‍ 2021ലാണ് അടുത്ത ചാമ്പ്യന്‍സ് ട്രോഫി നടക്കേണ്ടിയിരുന്നത്. ഈ ടൂര്‍ണമെന്റ് 16 ടീമുകള്‍ മാറ്റുരക്കുന്ന ടി ട്വന്റി ലോകകപ്പായി നടക്കും. ഇതോടെ രണ്ട് വര്‍ഷത്തിനിടെ രണ്ട് ലോകകപ്പുകള്‍ എന്ന പ്രത്യേകതക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കും.
2020ല്‍ ഓസ്‌ട്രേലിയയില്‍ ടി ട്വന്റി ലോകകപ്പ് നടക്കുന്നുണ്ട്. ഇന്ത്യയില്‍ 2021ല്‍ നടക്കുന്ന ലോകകപ്പിന് ശേഷം ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ലോകകപ്പ് നടത്തുന്ന രീതിയാണ് ഇനിയുണ്ടാവുക.
ടി ട്വന്റി ക്രിക്കറ്റിന് ലഭിക്കുന്ന സ്വീകാര്യത പുതിയ തീരുമാനം. ക്രിക്കറ്റിനെ ഒളിംപിക്‌സിന്റെ ഭാഗമാക്കാനുള്ള നീക്കവും പരിഗണിക്കപ്പെട്ടു. 2019ലും 2023ലും ഏകദിന ലോകകപ്പ് നടക്കുന്നുണ്ട്. ഇതിനിടെ ഏകദിന ഫോര്‍മാറ്റില്‍ ഒരു ചാമ്പ്യന്‍സ് ട്രോഫിയുടെ ആവശ്യമില്ല എന്നാണ് ഐ.സി.സി. നിലപാട്.