ഹൈദരാബാദ്: ആന്ധ്രയിലെ അങ്കെപ്പള്ളെയ്ക്കടുത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് ദക്ഷിണ റെയില്‍വേ. തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ആറ് തീവണ്ടികള്‍ റദ്ദാക്കി. ആന്ധ്രയില്‍ത്തന്നെ സര്‍വീസ് നടത്തുന്ന ആറ് തീവണ്ടികളാണ് റദ്ദാക്കിയത്. ഒരു തീവണ്ടിയുടെ സമയം മാറ്റി ക്രമീകരിച്ചുവെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ ചൊവ്വാഴ്ച ദില്ലി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. സന്താല്‍ഡിഹ് റെയില്‍വേ ക്രോസിനു സമീപം റെയില്‍വേ ഗേറ്റില്‍ ട്രാക്ടര്‍ ഇടിച്ച് കുടുങ്ങിയതിനെ തുടര്‍ന്നാണ് അപകട സാധ്യതയുണ്ടായത്. എന്നാല്‍, ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭോജുദിഹ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സന്താല്‍ദിഹ് റെയില്‍വേ ക്രോസിംഗിലാണ് സംഭവം. റെയില്‍വേ ട്രാക്കിനും ഗേറ്റിനുമിടയില്‍ ട്രാക്ടര്‍ കുടുങ്ങുകയായിരുന്നു. ഗേറ്റ് ഇടിച്ചുതെറിപ്പിച്ച് എത്തിയ ട്രാക്ടര്‍ ട്രാക്കില്‍ കുടുങ്ങി. ഈ സമയമാണ് രാജധാനി എക്‌സ്പ്രസ് എത്തിയത്. ലോക്കോ പൈലറ്റ് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നതെന്നും ട്രെയിന്‍ 45 മിനിറ്റോളം വൈകിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.