ആധുനികലോകത്തിന് പുതുചരിത്രം സൃഷ്ടിച്ച് ഗൂഗിള്‍ സ്ഥാപകനായ ലാറി പേജിന്റെ കിറ്റി ഹോക്ക് എന്ന വിമാന കമ്പനിയുടെ പൈലറ്റില്ലാ വിമാനം. കിറ്റി ഹോക്ക് നിര്‍മ്മിച്ച കോറ എന്ന ഈ ചെറുവിമാനം പൂര്‍ണമായും ഇലക്ട്രോണിക് വിമാനമാണെന്നതും എടുത്തു പറയേണ്ടതാണ്. രണ്ട് യാത്രക്കാരുമായാണ് വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ന്യൂസിലന്റില്‍ നടന്നത്. ഈ പരീക്ഷണ പറക്കലിന്റെ വിജയത്തോടെ ഒരു പുതുചരിത്രം തന്നെയാണ് പിറക്കുന്നത്.
കോറയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് പറന്നുയരാനും താഴാനും ഒരു റണ്‍വേ ആവശ്യമില്ല എന്നതാണ്. കൂടാതെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് കോറയ്ക്കുള്ളത്. ഓട്ടോ പൈലറ്റ് സംവിധാനം തകരാറിലായാലും സുരക്ഷിതമായി താഴെയെത്താനാകുന്ന സംവിധാനവും കോറയ്ക്കുണ്ട്. ഇനി എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളും പ്രവര്‍ത്തിക്കാതെയായാല്‍ പാരച്ചൂട്ട് വിടര്‍ന്ന് ഈ ചെറുവിമാനത്തിന് സുരക്ഷയൊരുക്കും. വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍ ഏറ്റവും അധികം ശ്രദ്ധ ചെലുത്തിയിരിക്കുന്നതും സുരക്ഷയിലാണ്.
വലിയ പ്രൊപ്പല്ലറുകള്‍ക്ക് പകരം ചെറുഫാനുകളാണ് കോറയെ ഉയര്‍ത്തുക. എന്നാല്‍ മുന്നോട്ട് കുതിക്കാന്‍ കോറയെ സഹായിക്കുന്നത് ഒരു പ്രൊപ്പല്ലറാണ്. 178 കിലോമീറ്റര്‍ വേഗതയിലാണ് ഈ ചെറുവിമാനം പറക്കുന്നത്. 100 കിലോമീറ്റര്‍ ഒറ്റയടിക്ക് പറക്കാനുള്ള കോറയുടെ കഴിവും എടുത്തു പറയേണ്ടതാണ്. നേരത്തെയും പൈലറ്റ് ഇല്ലാ വിമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കോറയുടെ പ്രത്യേകത എന്നത് ആളുകളേയും വഹിക്കാന്‍ കഴിയും എന്നതാണ്. ഇത് പുതു ചരിത്രം കുറിക്കുമെന്നതില്‍ സംശയമില്ല.