ഗൂഗിളിന് ഇന്ന് 21-ാം പിറന്നാള്‍; ജന്മദിനത്തില്‍ പ്രത്യേക ഡൂഡില്‍ ആര്‍ട്ടുമായി ഗൂഗിള്‍

റിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗിന് പുതിയ മാനങ്ങള്‍ നല്‍കിയ ഗൂഗിളിനു ഇന്ന് 21-ാം പിറന്നാള്‍. പ്രത്യേക ഡൂഡില്‍ ആര്‍ട്ടിലൂടെയാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിക്കുന്നത്. ബോക്‌സ് കമ്പ്യൂട്ടറില്‍ ഗൂഗിളിന്റെ ബ്രൗസറുള്ള ചിത്രമാണ് ഗൂഗിള്‍ ജന്മദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. 27-9-98 എന്ന തീയതിയും ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

വെബ് അധിഷ്ഠിത സേവനം, വെബ്‌സൈറ്റ് പരസ്യരംഗങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം തുടങ്ങിയ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ചു പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഗൂഗിള്‍ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ 1998 സെപ്റ്റംബര്‍ 7-നാണ് സ്ഥാപിതമായത്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ സെര്‍ജി ബ്രിനും ലാറി പേജും ഗൂഗിളിന് രൂപം നല്‍കുന്നത്.സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥാനം കാലിഫോര്‍ണിയയിലെ, മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍പ്ലെക്‌സ് ആണ്.

ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ 1999 സെപ്റ്റംബര്‍ 21 വരെ ബീറ്റാ വെര്‍ഷന്‍ എന്ന നിലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ലളിതമായ രുപകല്‍പന ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ വേഗം സ്വീകാര്യനാക്കി. 2000-ല്‍ കീ വേര്‍ഡുകള്‍ക്ക് അനുസരിച്ച് പരസ്യം നല്‍കി ഇന്റര്‍നെറ്റ് പരസ്യ രംഗത്ത് എത്തിയതോടെ ഗൂഗിളിന്റെ വരുമാനവും കുതിച്ചുയര്‍ന്നു.

കമ്പനി രൂപീകരിച്ച ദിനമായ സെപ്റ്റംബര്‍ 7 നാണ് 2005 വരെ ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നതെങ്കിലും പിന്നീട് ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിന്‍ ഇന്‍ഡക്‌സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 27 എന്ന സംഖ്യയുമായി ബന്ധപ്പെടുത്തി സെപ്റ്റംബര്‍ 27 ന് പിറന്നാള്‍ ആഘോഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

Top