ദിവസക്കൂലി തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ ഗൂഗിളിന്റെ 5 കോടി

ദുര്‍ബലരായ പ്രതിദിന ദിവസകൂലി തൊഴിലാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് ഗൂഗിളിന്റെ ഗ്രാന്റ് അനുവദിച്ച് സുന്ദര്‍ പിച്ചൈ. ആല്‍ഫബെറ്റ്, ഗൂഗിള്‍ കമ്പനികളുടെ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ ഗിവ് ഇന്ത്യയ്ക്ക് 5 കോടി രൂപയാണ് സംഭാവന നല്‍കിയത്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ഗിവ് ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തൊട്ടാകെയുള്ള ദുര്‍ബല കുടുംബങ്ങളെ സഹായിക്കുന്നതിനായി ഗിവ് ഇന്ത്യ ഇതുവരെ 12 കോടി രൂപ സമാഹരിച്ചു.

കൊവിഡ് -19 മഹാമാരിയുടെ മുന്‍നിരയിലുള്ള ചെറുകിട, ഇടത്തരം ബിസിനസുകള്‍ (എസ്എംബികള്‍), ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ സഹായിക്കാന്‍ കമ്പനി 800 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് പിച്ചൈ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) സഹായിക്കുന്നതിനായി 250 ദശലക്ഷം ഡോളര്‍ പരസ്യ ഗ്രാന്റുകളും ഗൂഗിള്‍ നല്‍കിയിരുന്നു. ചെറുകിട ബിസിനസുകള്‍ക്ക് മൂലധനത്തിലേക്ക് പ്രവേശനം നല്‍കാന്‍ സഹായിക്കുന്നതിന് ലോകമെമ്പാടുമുള്ള എന്‍ജിഒകളെയും ധനകാര്യ സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്ന 200 മില്യണ്‍ ഡോളര്‍ നിക്ഷേപ ഫണ്ടിങും ഗൂഗിള്‍ നടത്തിയിരുന്നു.

Top