ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കി ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍).
ഗൂഗിള്‍ ക്രോം വേര്‍ഷനില്‍ ഒന്നിലധികം സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. വ്യക്തിഗത വിവരങ്ങളിലേക്ക് ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനാകുമെന്നാണ് സൂചന.
ക്രോമില്‍ കോഡുകള്‍ തയാറാക്കുന്നതിനും ഇതുവഴിയായി സുരക്ഷയെ തകര്‍ത്ത് വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നല്‍കുന്ന മുന്നറിയിപ്പ്.
ഹൈ അലര്‍ട്ട് എന്ന് രേഖപ്പെടുത്തിയ സുരക്ഷ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അപ്ഡേറ്റ് അല്ലാത്ത ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ സിസ്റ്റത്തെ ആക്രമിക്കുന്ന വ്യക്തിക്ക് അതിലെ സുരക്ഷ പിഴവ് ഉപയോഗിച്ച് എളുപ്പം കടന്നുകയറാന്‍ സാധിക്കും എന്നാണ് സിഇആര്‍ടി-ഇന്‍ നിര്‍ദേശത്തില്‍ പറയുന്നത്. അടുത്തിടെ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഉപയോഗപ്പെടുത്തുന്ന 110 ഓളം എക്സ്റ്റന്‍ഷനുകള്‍ വിവരം ചോര്‍ത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.