കമ്പനികള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിയില്‍ മാറ്റം കൊണ്ടുവന്ന് ഗൂഗിള്‍. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കി. ഇതിനായുള്ള പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ക്രോമിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്കാണ് ഈ മാറ്റം ഇപ്പോള്‍ എത്തിക്കുക. ഇത് ഏകദേശം മൂന്ന് കോടിയോളം വരും.
ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ഗൂഗിള്‍ ഈ മാറ്റം അവതരിപ്പിക്കുന്നത്. ഇവര്‍ഷം അവസാനത്തോടെ ആഗോള തലത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ഇത് നടപ്പാക്കും. അതിനിടെ തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചില പരസ്യ ദാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഇന്റര്‍നെറ്റ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ഫീച്ചര്‍ ലഭ്യമാകുന്ന ഉപഭോക്താക്കളെ ഗൂഗിള്‍ അക്കാര്യം അറിയിക്കും.
തേഡ് പാര്‍ട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയില്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. എന്നാല്‍ പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്സൈറ്റുകള്‍ പറയുന്നത്.
നമ്മള്‍ ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആ വെബ്സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങള്‍ ഓള്‍ലൈനില്‍ കാണുന്നതിന് കാരണം തേഡ് പാര്‍ട്ടി കുക്കീസ് ആണ്. നിങ്ങള്‍ ഒരു സൈറ്റില്‍ എന്താണ് ചെയ്യുന്നത്, നിങ്ങള്‍ എവിടെയുള്ള ആളാണ്, നിങ്ങള്‍ ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, ഈ വെബ്സൈറ്റില്‍ നിന്ന് ഓണ്ലൈനില്‍ മറ്റെങ്ങോട്ടാണ് നിങ്ങള്‍ പോവുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം കുക്കീസില്‍ ശേഖരിക്കപ്പെടും.
2019 ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങള്‍ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചു. ‘ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേര്‍ട്‌സ്’ എന്ന ‘ഫ്‌ളോക്ക്’ 2021 ല്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഫ്‌ളോക്ക് ഒഴിവാക്കി.
ഇതിന് ശേഷമാണ് നിലവിലുള്ള ആഡ് ടോപ്പിക്‌സ്’ എന്ന രീതി പരസ്യങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ച് തുടങ്ങിയത്. ക്രോമിലുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിന് താല്‍പര്യമുള്ള വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഇതനുസരിച്ച് പരസ്യങ്ങള്‍ നല്‍കുന്നു. ഫ്‌ളോക്കിന് സമാനമാണ് ഇതെങ്കിലും ഉപഭോക്താക്കളെ പ്രത്യേകം ഗ്രൂപ്പുകളാക്കി മാറ്റില്ല. പകരം തല്‍പര വിഷയങ്ങളുടെ ഒരു പട്ടികയാണ് ഉണ്ടാക്കുക. ഇതോടെ കുക്കീസ് ശേഖരിക്കുന്നതിന് പകരം ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കണ്ടെത്തി ആഡ് ടോപ്പിക്കുകളായി ഉപകരണത്തില്‍ ശേഖരിക്കും. ഈ ആഡ് ടോപ്പിക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും വെബ്‌സൈറ്റുകള്‍ ഉള്ളടക്കങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കുക.ട്രാക്കിങ് പ്രൊട്ടക്ഷന്‍ എന്ന പുതിയ ഫീച്ചര്‍ ക്രോമിന്റെ വിന്‍ഡോസ്, ലിനക്‌സ്, മാക്ക്, ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.