ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ലോക ബ്രൗസിംഗ് വിപണിയുടെ 68.80 ശതമാനം ഗൂഗിളിന്റെ ഈ സെര്‍ച്ച് എഞ്ചിനാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയേറ്റിരിക്കുകയാണ്. വിപണിയിലെ മുന്‍തൂക്കം തന്നെയാണ് ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത് എന്നാണ് സെക്യൂരിറ്റി വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ ഇതാ പുതിയ അപ്‌ഡേഷന്‍ ഉടന്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ക്രോം.
ഒരു ഹാക്കര്‍ക്ക് വിദൂരതയില്‍ ഇരുന്ന് പോലും നിങ്ങളുടെ സിസ്റ്റം നിയന്ത്രിക്കാന്‍ കഴിയുന്ന സുരക്ഷ പിഴവ് ക്രോമില്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എല്ലാം ഈ സുരക്ഷ പിഴവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യുരിറ്റി റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബ്രൗസറുകളാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. വിഷയം ഗൗരവമായതിനാല്‍ ഗൂഗിള്‍ ഇപ്പോള്‍ ഒരു സെക്യുരിറ്റി അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ കൃത്യമായും ഈ അപ്‌ഡേറ്റ് നടത്തണം എന്നും ഗൂഗിള്‍ പറയുന്നു.