പ്രശസ്ത ഹിന്ദി കവയിത്രിയും സ്വാതന്ത്ര സമരനേതാവുമായി മഹാദേവി വര്‍മ്മയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍. ആധുനിക കാലത്തെ മീര എന്നാണ് മഹാദേവി വര്‍മ്മ അറിയപ്പെട്ടിരുന്നത്.
1982-ല്‍ ഇന്ത്യന്‍ സാഹിത്യത്തിന് നല്‍കിയ സംഭവനകള്‍ക്ക് മഹാദേവിക്ക് ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ചു. 1907-ല്‍ ഉത്തര്‍ പ്രദേശിലായിരുന്നു ജനനം. ആധുനിക ഹിന്ദി സാഹിത്യത്തിലെ കാല്പനികതയുടെ കാലമായ ഛായവേദി ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവികളില്‍ ഒരാളായിരുന്നു ഇവര്‍.
ഭഗല്‍പ്പൂരില്‍ കോളേജ് അധ്യാപകനായിരുന്ന ഗോവിന്ദപ്രസാദ് വര്‍മ്മയുടേയും ഹേംറാണി ദേവിയുടെയും മകളായിരുന്നു മഹാദേവി വര്‍മ്മ. ഏഴു തലമുറകള്‍(ഏകദേശം 200 വര്‍ഷങ്ങള്‍)ക്കു ശേഷമായിരുന്നു, ആ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞു ജനിക്കുന്നത്. അത് ദേവിയുടെ അനുഗ്രഹമായി കരുതിയ ഗോവിന്ദ പ്രസാദിന്റെ അച്ഛനാണ് കുഞ്ഞിനു മഹാദേവി എന്നു പേര് നല്‍കിയത്.
1956-ല്‍ ഭാരത സര്‍ക്കാര്‍ പദ്മഭൂഷണ്‍ നല്‍കി ഇവരെ ആദരിച്ചു. 1976-ല്‍ ഭാരത സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണിവര്‍. 1982-ല്‍ ജ്ഞാനപീഠവും ലഭിച്ചു. മരണാനന്തരം, 1988-ല്‍ പത്മവിഭൂഷണ്‍ നല്‍കിയും മഹാദേവി വര്‍മ്മയ്ക്കു രാഷ്ട്രം ആദരം അര്‍പ്പിച്ചു.