ചിപ്‌കോ മൂവ്‌മെന്റ്; ചരിത്രത്തിലെ നാഴികക്കല്ലായ സമരത്തിന് ആദരം നല്‍കി ഗൂഗിള്‍ ഡൂഡിള്‍

chipko

ചിപ്‌കോ മൂവ്‌മെന്റിന്റെ 45-ാം വാര്‍ഷികത്തിന് ആദരം നല്‍കി ഗൂഗിള്‍ ഡൂഡിള്‍.1974-ല്‍ മാര്‍ച്ച് 26 ന് ഇന്നത്തെ ഉത്തരാഖണ്ഡിലെ ചമോലിയിലെ ഗ്രാമീണ വനിതകള്‍ മരത്തെ കെട്ടിപിടിച്ച് നടത്തിയ സമരത്തിന്റെ സ്മരണാര്‍ഥമാണ് മാര്‍ച്ച് 26 ചിപ്‌കോ മൂവ്‌മെന്റ് ദിനമായി ആചരിക്കുന്നത്.

ഇന്ത്യയിലെ തന്നെ പരിസ്ഥിതി സംരക്ഷണ സമരപ്രസ്ഥാനങ്ങളില്‍ പ്രശസ്തമായ ഒന്നാണ് ചിപ്‌കോ പ്രസ്ഥാനം.
1970-കളില്‍ വനവൃക്ഷങ്ങള്‍ മുറിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരെ അനുവദിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നയത്തിനെതിരെ കര്‍ഷകരും ഗ്രാമീണ ജനങ്ങളും ഒത്തുചേര്‍ന്ന് സമരം നടത്തിയിരുന്നു. അക്രമരഹിത ഈ സമരമാണ് ചിപ്‌കോ മൂവ്‌മെന്റ് എന്ന പേരില്‍ അറിയപ്പെടുന്നത്.

ചിപ്‌കോ എന്ന വാക്കിന്റെ അര്‍ത്ഥം ‘ചേര്‍ന്ന് നില്‍ക്കൂ’, ‘ഒട്ടി നില്‍ക്കൂ’ എന്നൊക്കെയാണ്. 1974 മാര്‍ച്ച് 26-ന് ഉത്തരാഖണ്ഡിലെ (അന്ന് ഉത്തര്‍ പ്രദേശിന്റെ ഭാഗമായിരുന്ന ) ചമോലി ജില്ലയിലെ റെനി ഗ്രാമത്തില്‍ ഗ്രാമീണ വനിതകള്‍ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തില്‍ നാഴികക്കല്ലായത്.

‘ആവാസ വ്യവസ്ഥയാണ് സ്ഥിരസമ്പത്ത്’ എന്ന മുദ്രാവാക്യവുമായി ഉയര്‍ന്ന ചിപ്‌കോ പ്രസ്ഥാനം പരിസ്ഥിതിവാദത്തിന് പൊതുവായി നല്‍കിയ സംഭാവനകളിലൊന്നാണ്. സുന്ദര്‍ലാല്‍ ബഹുഗുണ, ചണ്ടി പ്രസാദ് ഭട്ട് എന്നിവരായിരുന്നു ചിപ്‌കോ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്. കര്‍ണാടകത്തിലെ അപ്പികോ പോലെ ചിപ്‌കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി. 1987-ല്‍ ചിപ്‌കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ലഭിക്കുകയുണ്ടായി.

Top