വളരെ വേഗത്തില്‍ വേഗംകുറഞ്ഞ നെറ്റ് വര്‍ക്കുകളില്‍ പോലും തടസ്സമില്ലാതെ വീഡിയോ കോളിങ് നടത്താന്‍ സഹായിക്കുന്ന ആപ്പാണ് ഗൂഗിള്‍ ഡ്യുവോ.
ടെക് ലോകത്ത് കടുത്ത മത്സരം നേരിടുന്ന രംഗമാണ് മൊബൈല്‍ മെസേജിങ് മേഖല. ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍, വാട്ട്‌സ്ആപ്പ്, സ്‌നാപ്പ്ചാറ്റ്, ഫെയ്‌സ്‌ടൈം, ഐഎംഒ ( imo ), ഹാങൗട്ട്‌സ് എന്നിങ്ങനെ വ്യത്യസ്ത മെസേജിങ് ആപ്പുകളുടെ പട്ടിക നീളുന്നു.
ഈ പട്ടികയില്‍ ഇടം തേടുകയാണ് ഗൂഗിളിന്റെ പുതിയ വീഡിയോ മെസേജിങ് ആപ്പായ ‘ഗൂഗിള്‍ ഡ്യുവോ’ ( Google Duo ).
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമുള്ള ഈ വീഡിയോ മെസേജിങ് ആപ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തിക്കും.
സങ്കീര്‍ണതകളൊന്നുമില്ലാതെ ഉപയോഗിക്കാന്‍ പാകത്തിലാണ് പുതിയ ആപ്പ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പ്രിന്‍സിപ്പല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ജസ്റ്റിന്‍ ഉബര്‍ട്ടി പറയുന്നു .
കഴിഞ്ഞ മെയ് മാസത്തിലെ ഡെവലപ്പര്‍ സമ്മേളനത്തില്‍ രണ്ട് മെസേജിങ് ആപ്പുകള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന ഗൂഗിള്‍ ഡ്യുവോ.
നിര്‍മിതബുദ്ധി ( AI ) അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റ് മെസേജിങ് ആപ്പായ ‘അലോ’ ( Allo ) ആണ് അന്ന് പ്രഖ്യാപിച്ച മറ്റൊരെണ്ണം. അതെന്ന് പുറത്തിറക്കുമെന്ന കാര്യം ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഫോണുകള്‍ക്ക് മാത്രമായി ഒരു വീഡിയോ ചാറ്റിങ് ആപ്പ് ഗൂഗിള്‍ പുറത്തിറക്കുന്നത് ആദ്യമായാണ്. ഗൂഗിളിന്റെ നിലവിലുള്ള മെസേജിങ് സര്‍വീസായ ഹാങൗട്ട്‌സിനെ ( Hangouts ) ഡ്യുവോയുടെ വരവ് ഒരുതരത്തിലും ബാധിക്കില്ല.
മൊബൈല്‍ വീഡിയോ ചാറ്റിങില്‍ നിലവില്‍ അനുഭവിക്കുന്ന സങ്കീര്‍ണതകളും പരിമിതികളും ഒഴിവാക്കി, ലളിതമായ മാറ്റുകയാണ് ഗൂഗിള്‍ ഗൂഗിള്‍ ഡ്യുവോയുടെ ലക്ഷ്യം.