പിക്‌സല്‍ 6 സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയുടെ ലോഞ്ച് തിയതി ഗൂഗിള്‍ പ്രഖ്യാപിച്ചു

ടെക് ഭീമനായ ഗൂഗിള്‍ അഗസ്റ്റിലാണ് പിക്സല്‍ 6 ശ്രേണിയുടെ വരവ് പ്രഖ്യാപിച്ചത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകള്‍ക്ക് പകരം ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ടെന്‍സര്‍  പ്രോസസറുമായാണ് പിക്‌സല്‍ 6 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുക എന്നും വ്യക്തമാക്കിയിരുന്നു. അതേസമയം എന്നാണ് പിക്‌സല്‍ 6 സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുക എന്ന് ഗൂഗിള്‍ പറഞ്ഞിരുന്നില്ല. പിക്സല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ മാസം 19ന് പിക്‌സല്‍ 6 ശ്രേണി വില്പനക്കെത്തും എന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഗൂഗിള്‍ പിക്സല്‍ 6 ശ്രേണിയില്‍ രണ്ട് ഫോണുകളാണുള്ളത്. അടിസ്ഥാന പിക്സല്‍ 6ഉം സാധാരണ ഗതിയില്‍ XL എന്ന വാല്‍കഷണവുമായി അവതരിപ്പിക്കാറുള്ള പ്രീമിയം പതിപ്പിന് പകരം ഇത്തവണ പിക്സല്‍ 6 പ്രോയും. കമ്പനിയുടെ ഏറ്റവും ശക്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി), മെഷീന്‍ ലേര്‍ണിംഗ് എന്നിവയുടെ പ്രയോജനം നേരിട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ലഭിക്കത്തക്ക വിധമാണ് ടെന്‍സര്‍ പ്രോസസ്സര്‍ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ഗൂഗിള്‍ പറയുന്നത്. മാത്രമല്ല ടെന്‍സര്‍ ചിപ്പ് സ്മാര്‍ട്ട്ഫോണിന്റെ ക്യാമറ ഫീച്ചറുകള്‍, സ്പീച് റെകഗ്നീഷന്‍ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അവകാശപ്പെടുന്നു.

സ്റ്റോക്ക് ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യമെത്തുന്ന ഫോണുകളായിരിക്കും പിക്‌സല്‍ 6ഉം പിക്‌സല്‍ 6 പ്രോയും. 90Hz റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് ഫുള്‍-എച്ഡി+ ഡിസ്പ്ലേയാണ് പിക്സല്‍ 6ന്. അതെ സമയം പ്രോ മോഡലിന് 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് QHD+ ഡിസ്‌പ്ലേയാണ്.

3 വീതം ഇരട്ട നിറങ്ങളിലാണ് പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ ഫോണുകള്‍ വിപണിയിലെത്തുക. പിക്‌സല്‍ 6 ഫോണിന് മാറ്റ് അലുമിനിയം ഫിനിഷ് ലഭിക്കുമ്പോള്‍ പിക്‌സല്‍ 6 പ്രോ ഫോണുകള്‍ക്ക് തിളങ്ങുന്ന പോളിഷ്ഡ് അലുമിനിയം ഫിനിഷാണ്.

 

Top